കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സപ്ലൈകോ കിറ്റുകള്‍ വിതരണം ചെയ്തില്ല; കലക്ടറുടെ നിര്‍ദേശപ്രകാരമാണെന്ന് ആരോപണം, അനീതിയാണെന്ന് കാണിച്ച് എം എല്‍ എ ഫിഷറീസ് ഡയറക്ടര്‍ക്ക് കത്തയച്ചു
ജില്ലയിലെ ചില തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം സപ്ലൈകോ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ കാസര്‍കോട് കസബ കടപ്പുറത്തെ അവഗണിച്ചത് അനീതിയാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കസബ കടപ്പുറത്ത് കിറ്റുകള്‍ നല്‍കരുതെന്ന് ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കിയതെന്നാണ് സപ്ലൈകോ - സിവില്‍ സപ്ലൈസ് അധികൃതരുടെ വിശദീകരണം. കളക്ടറുടെ നിലപാട് തിരുത്തണമെന്നും കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫിഷറീസ് ഡയറക്ടര്‍ രാജമാണിക്യത്തിനയച്ച കത്തില്‍ എന്‍.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
കരകാണാക്കടലില്‍ കണ്ണുംനട്ട് കടലമ്മയെ നോക്കി കണ്ണീരുമായി കഴിയുന്ന കാസര്‍കോട് കസബ കടപ്പുറത്തെ കടലിന്റെ മക്കളോടെന്തിനീ ക്രൂരത. പഞ്ഞ മാസങ്ങളിലെ പട്ടിണിക്കു പുറമെ കോവിഡ് സാമൂഹികവ്യാപനത്തിന്റെ ദുരിതം വേറെയും. ഈ പാവങ്ങള്‍ക്കുള്ള സഹായം തട്ടിമാറ്റാന്‍ ഏത് ശിലാഹൃദയനാണ് കഴിയുക. ജില്ലയിലെ മറ്റു കടപ്പുറം പ്രദേശങ്ങളില്‍ സപ്പ്‌ലൈകോ മുഖാന്തിരം ഫിഷറീസ് വകുപ്പ് കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ കാസര്‍കോട്ടെ കളക്ടര്‍ ഏമാന്റെ ഉത്തരവ് കസബ കടപ്പുറത്ത് ഒരു കിറ്റും നല്‍കിപ്പോകരുത് എന്നാണ്. ദുരിതക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ നീന്തിത്തളരുമ്പോള്‍ ജനപ്രതിനിധികളും സാധാരണക്കാരും അവരെ ആശ്വസിപ്പിക്കാന്‍ കസബയിലേക്ക് ഒഴുകിയെത്തി. കണ്ണൂരില്‍ നിന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീ.സേതുരാമന്‍ ഒട്ടും വൈകാതെ കുതിച്ചെത്തി. കാസര്‍കോട് ജില്ലയിലെ പോലീസുദ്യോഗസ്ഥരും പോലീസുകാരും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് കരുത്തുപകര്‍ന്നു. പക്ഷെ ഒരാളെമാത്രം കണ്ടില്ല - വിളിപ്പാടകലെയുള്ള ജില്ലാ കളക്ടറെ. നിങ്ങള്‍ വരേണ്ട. നിങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. കാസര്‍കോട് നഗരത്തിലെ ജനങ്ങള്‍ രാഷ്ട്രിയവും ജാതിയും മതവും ഭാഷയും മറന്നു കസബയിലെ സഹോദരീസഹോദരന്മാരോടൊപ്പമുണ്ട്. ഈ മനുഷ്യത്വം, സാഹോദര്യം, കൂട്ടായ്മ ഇല്ലാതാക്കാന്‍ കളക്ടറെ, നിങ്ങള്‍ക്കാവില്ല.
2 comments